തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നാണ് വിമർശനം. പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രസ്താവന’ഗാന്ധി വധത്തെത്തുടർന്ന് നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്.സ്വാതന്ത്ര്യസമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞു നിന്ന ആർഎസ്എസ്, ദേശീയ പ്രസ്ഥാനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യാജ ആഖ്യാനങ്ങളിലാണ് വ്യാപൃതരാവുന്നത്. പുന്നപ്രവയലാറിൽ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷികളെയും വാഗൺ കൂട്ടക്കൊലയിൽ മരിച്ചുവീണ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്നുമൊഴിവാക്കാൻ വ്യഗ്രത കാട്ടിയവരാണ് ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുപറ്റാൻ വരുന്നത് എന്നു കാണണം.വെറുപ്പിന്റെയും വർഗീയതയുടെയും കലാപങ്ങളുടെയും വിഴുപ്പു ഭാരമാണ് ആർഎസ്എസ് പേറുന്നത്. മനുഷ്യത്വ വിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർക്ക് കയ്യിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യ സമര ചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താൻ ഉള്ളതല്ല ഗാന്ധിജിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷികളുടെയും സ്മരണ.മനുഷ്യ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ചരിത്രത്തെ കുഴിച്ചുമൂടി വെറുപ്പിനെ പകരം വെക്കാനുള്ള ഏതു നീക്കത്തെയും രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ടതുണ്ട്.’ മുഖ്യമന്ത്രി പിണറായി വിജയൻ
മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
RELATED ARTICLES



