ന്യൂഡല്‍ഹി: വിരോധാഭാസത്തിന്റെയും വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്രയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനമെന്നും വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് കമ്മിഷന്‍ നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ എംപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയും വെപ്രാളവുമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം രാജ്യം കണ്ടത്. ബിജെപി കാര്യാലയത്തില്‍നിന്ന് എഴുതിത്തയ്യാറാക്കി നല്‍കിയ വെല്ലുവിളികളും ഭീഷണിയും മാത്രമാണ് കമ്മിഷന്റെ വാര്‍ത്താസമ്മളനത്തില്‍ പ്രതിഫലിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ എസ്‌ഐആര്‍ നടപടികള്‍ക്ക് ഇത്ര ധൃതി കാണിച്ചത് എന്തിന്? ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മഹാരാഷ്ട്രയില്‍ 70 ലക്ഷത്തിലധികം വോട്ടര്‍മാരുടെ അപ്രതീക്ഷിത വര്‍ദ്ധന എങ്ങനെ സംഭവിച്ചു? പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസത്തിനു ശേഷം നശിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത് എന്തിന്? രാഹുല്‍ ഗാന്ധി നടത്തിയ വലിയ വെളിപ്പെടുത്തലുകളില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? ഇലക്ടറല്‍ റോളുകള്‍ പൊതുരേഖകളായിരിക്കെ, മെഷീന്‍ റീഡബിള്‍ ഇലക്ടറല്‍ റോളുകള്‍ സ്വകാര്യതയുടെ ലംഘനമായി ചിത്രീകരിക്കുന്നത് എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.



