Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'വിറളിപൂണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാണം കെടുന്നു, പ്രവർത്തനം ബി.ജെ.പിക്കു വേണ്ടിയോ..?', ജെയിംസ് കൂടൽ എഴുതുന്നു

‘വിറളിപൂണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാണം കെടുന്നു, പ്രവർത്തനം ബി.ജെ.പിക്കു വേണ്ടിയോ..?’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നതിനുള്ള മഹായജ്ഞമാണ് ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്ര.
രാജ്യത്ത് മോദി സർക്കാർ അധികാരത്തിൽ വന്നത് വോട്ടു കൊള്ള നടത്തിയാണെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് തെളിവ് നിരത്തി രാഹുൽഗാന്ധി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി മുപ്പതിനായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിൽ ആസൂത്രിതമായ വോട്ടു കൊള്ള നടന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കർണാടകയിലെയും മഹാരാഷ്ട്രയിലെയും മണ്ഡങ്ങളിലെ ഇരട്ട വോട്ടുകളും കൂട്ടവോട്ടുകളും അദ്ദേഹം എടുത്തു കാട്ടി. ബിഹാറിലെ വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടിനിരത്തലുണ്ടായി. ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിച്ചവരാക്കി.

രാജ്യത്തിന്റെ ഇലക്ഷൻ കമ്മിഷന്റെ വിശ്വാസ്യത തകർന്നതിന്റെ നേർ ചിത്രമായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. തെളിവു നൽകുക അല്ലെങ്കിൽ മാപ്പ് പറയുക എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിരട്ടലിന്റെ ഭാഷയാണ് പുറത്തെടുത്തത്. രാഹുലിന്റെ ചോദ്യങ്ങൾക്കും ജനങ്ങളുടെ സംശയങ്ങൾക്കുമുള്ള ശരിയായ മറുപടി ആയിരുന്നില്ല അത്. വോട്ടു കൊളള രാജ്യമാകെ ചർച്ചയാകുമ്പോഴാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം നടത്തിയത്.

രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ ആദ്യം രംഗത്തുവന്ന ബി.ജെ.പിയുടെ ഭാഷയിൽ തന്നെയായിരുന്നു കമ്മിഷന്റെ വാർത്താ സമ്മേളനം. വോട്ട് കൊളളയെക്കുറിച്ച് വെളിപ്പെടുത്തിയ രാഹുൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിജിറ്റൽ വോട്ടർ പട്ടിക നൽകാത്തത്?. വോട്ടെടുപ്പിന്റെ വീഡിയോകൾ എന്തിനാണ് നശിപ്പിച്ചു കളയുന്നത്?. വോട്ടർ പട്ടികയിൽ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?.

കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ ഇവയ്‌ക്കൊന്നും മറുപടി ഉണ്ടായില്ല. രാഹുലിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തരവാദിത്വമുള്ള ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കേണ്ടതായിരുന്നു. പകരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നവരെ പരിഹസിക്കുന്ന കമ്മിഷൻ ബി.ജെ.പിക്കു വേണ്ടി പണിയെടുക്കുന്ന പോലെയാണ്. രാഹുൽ ഗാന്ധി വോട്ട് അധികാർ യാത്ര ആരംഭിച്ച ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം നടത്തിയത് അനൗചിത്യമാണ്. യാത്രയുടെ ജനപിന്തുണ കണ്ട് വിറളി പിടിച്ച ബി.ജെ.പി ക്കു വേണ്ടി മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തുവന്നത് രാജ്യത്തെ നാണിപ്പിക്കുന്ന പരിഹാസ്യമായ നടപടിയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments