കോഴിക്കോട്: പ്രമുഖ ശാസ്ത്രജ്ഞൻ മയിൽ സ്വാമി അണ്ണാദുരൈ ഇൻഡ്യാ സംഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥി ആകുമെന്ന സൂചന. കോയമ്പത്തൂരിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ഇന്ത്യയുടെ മുൻ ചാന്ദ്ര ദൗത്യങ്ങളായ ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 എന്നിവയുടെ പ്രോഗ്രാം ഡയറക്ടറായിരുന്നു ഇദ്ദേഹം.
പത്മശ്രീ അവാർഡ് ജേതാവും ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനുമായിരുന്ന മയിൽസ്വാമി അണ്ണാദുരൈ തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വൈസ് പ്രസിഡന്റായും നാഷണൽ ഡിസൈൻ ആൻഡ് റിസർച്ച് ഫോറത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. “ഇന്ത്യയുടെ ചന്ദ്രമനുഷ്യൻ” എന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്.
സ്ഥാനാർഥി തമിഴ്നാട്ടിൽ നിന്ന് തന്നെ വേണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സ്വദേശിയായ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണൻ ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി എത്തുന്ന സാഹചര്യത്തിലാണ് ഇത്.



