കൊച്ചി: റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പരാതിക്കാരിയോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.’ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകൾ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇൻഫ്‌ളുവൻസറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്‌നം. എല്ലാവരും അമർ ചിത്രകഥ വായിച്ചാണ് വളർന്നത്. പുരാണ കഥകൾ പറയേണ്ടതില്ല’, ഹൈക്കോടതി പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കിൽ സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.



