ജറൂസലം: 22 മാസം നീണ്ട അധിനിവേശം അവസാനിപ്പിച്ച് ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ പുരോഗമിക്കവെ ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ. ലക്ഷക്കണക്കിന് ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള സൈനിക നീക്കത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി ഇസ്രായേൽ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി 60,000 റിസർവ് സൈനികരെക്കൂടി വിളിപ്പിക്കും. നിലവിൽ സേവനത്തിലുള്ള 20,000 റിസർവ് സേനാംഗങ്ങൾക്ക് തുടരാൻ നിർദേശം നൽകും. ഇതുവരെയും ഇസ്രായേൽ കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയിൽ പൂർണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങൾ തകർക്കലുമടക്കം നടപ്പാക്കും. ഗസ്സ സിറ്റിയുടെ ഭാഗമായ സെയ്ത്തൂൻ, ജബാലിയ എന്നിവിടങ്ങളിൽ ഇതിനകം പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
ഹമാസിന്റെ ശക്തികേന്ദ്രവും ഭരണസിരാ കേന്ദ്രവുമായ ഗസ്സ സിറ്റിയിലെ വിശാലമായ തുരങ്കങ്ങൾക്കകത്താണ് ബന്ദികളെ പാർപ്പിച്ചതെന്ന് ഇസ്രായേൽ കരുതുന്നു. ഇവരുടെ കൊലപാതകത്തിൽകൂടി കലാശിക്കുന്നതാകും കരസേനാ നീക്കം.
ഗ



