Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സ് ഓണാഘോഷം ഹൃദ്യമായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സ് ഓണാഘോഷം ഹൃദ്യമായി

ടാമ്പാ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ തികച്ചും ഹൃദ്യമായി. സ്‌നേഹസാന്ദ്രമായ കുടുംബാന്തരീക്ഷത്തില്‍ അരങ്ങേറിയ ഈ സന്തോഷ സായാഹ്നത്തില്‍, അമേരിക്കയിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പ്രതിനിധികള്‍ പങ്കെടുത്തു.

ഓഗസ്റ്റ് 16-ന് ജോണ്‍മൂര്‍ റോഡ് കമ്യൂണിറ്റി സെന്ററിന്റെ വിശാലമായ ഗ്രൗണ്ടിലും ഹാളിലുമായി വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും, വിഭവസമൃദ്ധമായ ഓണസദ്യയോടുംകൂടി സംഘടിപ്പിച്ച ഈ പരിപാടി പങ്കെടുത്ത കുട്ടികള്‍ക്കും യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായി.

ഉയര്‍ന്ന മരക്കൊമ്പില്‍ ഒരുക്കിയ ഊഞ്ഞാല്‍, വര്‍ണ്ണശബളമായ പൂക്കളം, തിരുവാതിര നൃത്തം തുടങ്ങിയവ ഏവരിലും ഗൃഹാതുരത്വം ഉളവാക്കി.എം.സിയായി പ്രവര്‍ത്തിച്ച സെക്രട്ടറി അഞ്ജലി നായര്‍ വിശിഷ്ടാതിഥികളേയും സദസ്യരേയും പൊതുസമ്മേളനത്തിലേക്ക് ക്ഷണിച്ചു.

തുടര്‍ന്ന് നടന്ന നിലവിളക്ക് കൊളുത്തല്‍ ചടങ്ങില്‍ സീനിയര്‍ മെമ്പര്‍ മിസ്സിസ് ലീലാമ്മ ബേബി, ബ്‌ളസന്‍ മണ്ണില്‍ (അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ്), സോണിയാ തോമസ് (വൈസ് ചെയര്‍), രാജൂ മൈലപ്രാ (മീഡിയാ ചെയര്‍), കാരളിന്‍ ബ്‌ളസന്‍ (ഫ്‌ളോറിഡ പ്രസിഡന്റ്), ബിജു തോണിക്കടവില്‍ (ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി), അഞ്ജലി നായര്‍ (സെക്രട്ടറി), ദീപക് സതീഷ് (ട്രഷറര്‍), സിദ്ധാര്‍ത്ഥ് (ബിസിനസ് ഫോറം), ബേബി സെബാസ്റ്റിയന്‍ (പ്രൈം പ്രോവിന്‍സ് സ്ഥാപക നേതാവ്) എന്നിവര്‍ പങ്കെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ബ്‌ളസന്‍ മണ്ണിലിന്റെ ആമുഖ പ്രസംഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനോപകാരപ്രദമായ പരിപാടികളെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കി. പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രാ ഓണസന്ദേശം നല്‍കി. ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ബിജു തോണിക്കടവില്‍, ദീപക് സതീഷ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

ഫ്‌ളോറിഡ പ്രോവിന്‍സ് പ്രസിഡന്റ് കരോളിന്‍ ബ്‌ളസന്‍ പ്രോവിന്‍സിന്റെ ഭാവി പരിപാടികളെക്കുറിച്ച് ഒരു വിവരണം നല്‍കി. ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി. ശീതള്‍ തോമസിന്റെ ഗാനാലാപനം ഹൃദ്യമായി. തുടര്‍ന്ന് ‘ഹോം മെയ്ഡ്’ വിഭവങ്ങളോടുകൂടിയ രുചികരമായ തനി നാടന്‍ ശൈലിയിലുള്ള ഓണസദ്യ വിളമ്പി.

ഓണസദ്യയ്ക്കുശേഷം നടത്തപ്പെട്ട അന്താക്ഷരി, അക്ഷരയുദ്ധം, ഫോട്ടോ ഷൂട്ട്, മധുര വെറ്റില മുറുക്കാന്‍ തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. തികച്ചും കുടുംബാന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ ഓണാഘോഷ പരിപാടികളില്‍ ആദ്യാവസാനം വരെ ആഹ്‌ളാദത്തോടെ പങ്കെടുത്തവര്‍, സംഘാടകരോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments