Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘സി.പി.എമ്മിൽ കോഴിയല്ല, കോഴിഫാം തന്നെയുണ്ട്; ആരുടെയും പേരെടുത്ത് പറഞ്ഞ് വേദനിപ്പിക്കുന്നില്ല

‘സി.പി.എമ്മിൽ കോഴിയല്ല, കോഴിഫാം തന്നെയുണ്ട്; ആരുടെയും പേരെടുത്ത് പറഞ്ഞ് വേദനിപ്പിക്കുന്നില്ല


എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയത്തിൽ ബഹളമുണ്ടാക്കുന്നവര്‍ അവരുടെ കാര്യത്തില്‍ എന്താണ് ചെയ്തതെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംരക്ഷണം നല്‍കിയെന്നു പറഞ്ഞ് എന്റെ വീട്ടിലേക്കാണ് അവര്‍ മാര്‍ച്ച് നടത്തുന്നത്. ശരിക്കും അവര്‍ ക്ലിഫ് ഹൗസിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്. ഏറ്റവും കൂടുതല്‍ ആരോപണവിധേയരെ സംരക്ഷിച്ചിട്ടുള്ളത് മുഖ്യമന്ത്രിയാണ്. ഞാന്‍ ആരെയും സംരക്ഷിച്ചിട്ടില്ല. വീട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി എടുക്കുമെന്നാണ് പറഞ്ഞത്. കോഴിയെയും കൊണ്ട് പ്രകടനം നടത്തിയത് വലിയ തമാശയാണ്. സി.പി.എം നേതാക്കളില്‍ കോഴിഫാം നടത്തുന്നവരുണ്ട്. അങ്ങോട്ടാണ് ശരിക്കും പ്രകടനം നടത്തേണ്ടത്. അവിടെ ഒരു കോഴിയല്ല, കോഴിഫാം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്‌സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുകയാണ്. അങ്ങനെയുള്ളവരാണ് ഇവിടെ സമരം ചെയ്ത് ഞങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ വരുന്നത്. ആരോപണവിധേയരായ എത്രയോ പേരുണ്ട്. അവരുടെയൊന്നും പേരുകള്‍ പറയുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും എന്തു ചെയ്തുവെന്ന് നോക്കിയല്ല കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നത്. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ തീരുമാനമുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം എടുക്കും.

ആരോപണം ഉന്നയിക്കുന്ന ഒരു സ്ത്രീകള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ ഒരു യു.ഡി.എഫ് പ്രവര്‍ത്തകനും പ്രചരണം നടത്തരുത്. അങ്ങനെ പ്രചരണം നടത്തിയെന്ന് അറിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി എടുക്കും. സ്ത്രീകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. ഒരു സ്ത്രീയെയും വേട്ടയാടാന്‍ അനുവദിക്കില്ല. ആരെയെങ്കിലും കണ്ട് ആവേശഭരിതരായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അങ്ങനെ ചെയ്യരുത്.

പാര്‍ട്ടിയുടെ നടപടിക്രമം അനുസരിച്ച് ആരോപണവിധേയന് പറയാനുള്ളത് കൂടി പാര്‍ട്ടി കേള്‍ക്കും. സി.പി.എമ്മും ബി.ജെ.പിയും എന്തു ചെയ്യുന്നുവെന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. പക്ഷെ ഇക്കാര്യത്തില്‍ നാവനക്കാനുള്ള അവകാശം പോലും അവര്‍ക്കില്ല. അവര്‍ക്കെതിരെ ഒരു കേസൊന്നുമല്ല. കോഴിഫാമാണ്. ആരുടെയും പേരെടുത്ത് പറഞ്ഞ് വേദനിപ്പിക്കുന്നില്ല. ഒരു വിരല്‍ ഞങ്ങള്‍ക്കെതിരെ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ സ്വന്തം നെഞ്ചത്തോട്ടാണെന്നത് മനസിലാക്കണം. ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസെന്ന് നിങ്ങളെക്കൊണ്ട് തന്നെ പറയിക്കും.

തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടുമെന്നാണ് ബി.ജെ.പി നേതാവ് അമിത് ഷാ പറയുന്നത്. അതിന് അവരെ അനുവദിക്കില്ല. വോട്ടര്‍പട്ടിക പരിശോധിക്കാന്‍ ഞങ്ങളുണ്ട്. ഒരു വോട്ട് പോലും സി.പി.എമ്മോ ബി.ജെ.പിയോ അനധികൃതമായി ചേര്‍ക്കില്ല. ഇത്തവണ ഒരു തരത്തിലും ഇല്ലാത്ത പോലെയാണ് യു.ഡിഎഫ് വോട്ട് ചേര്‍ത്തത്. അതുപോലെ വോട്ടര്‍പട്ടികയും പരിശോധിക്കാനുള്ള സംവിധാനവും കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. കള്ളവോട്ട് ചെയ്ത് ജയിക്കാമെന്ന് ആരും കരുതേണ്ട. അതിനുള്ള നിര്‍ദ്ദേശമൊന്നും ആരും നല്‍കേണ്ട. കള്ളവോട്ട് ചേര്‍ത്താണ് ജയിച്ചതെന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ. ഇനി അതിന് ശ്രമിക്കേണ്ട. എല്ലാ വിഷയങ്ങളിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചത്. വിമര്‍ശിക്കുന്നതിനിടയില്‍ അത് കൂടി മാധ്യമങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് സന്തോഷമാകും.

ചില മാധ്യമങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഞങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലാത്ത അവസ്ഥയാണ്. കുറച്ച് പണി ഞങ്ങള്‍ക്ക് കൂടി തരണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെും മാധ്യമങ്ങള്‍ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ച പോലും നടത്തിയിട്ടില്ല. പ്രാപ്തിയുള്ള ഒന്നിലധികം ആളുകളുണ്ട്. അതില്‍ ഓരാളെയെ തെരഞ്ഞെടുക്കാനാകൂവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments