യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. 19.99 റിയാല്‍ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. എക്‌സ്‌ക്ലൂസീവ് ‘ബ്രേക്കിംഗ് ഫെയേഴ്‌സ് എന്ന പേരിലുള്ള കാമ്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം. മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് സലാം എയറിന്റെ നടപടി.
മസ്‌ക്കറ്റില്‍ നിന്ന് കോഴിക്കോട് ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിവിധ ജി സി സി രാജ്യങ്ങളിലേക്കുമാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്നത്. എയര്‍ ലൈനിന്റെ ഹൃസ്വകാല പ്രോമാഷന്റെ ഭാഗമായാണ് 19.99 റിയാല്‍ മുതല്‍ വണ്‍വേ ടിക്കറ്റുകള്‍ നല്‍കുന്നത്.
മസ്‌കറ്റില്‍ നിന്ന് 20-ലധികം സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരത്തില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് യാത്രക്കാര്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്.
കോഴിക്കോടിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി, ദോഹ, ദുബായ്, ദമ്മാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് 19.99 റിയാലിന് ടിക്കറ്റ് ലഭിക്കും. കെയ്‌റോ കുവൈറ്റ് എന്നിവിടങ്ങളിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്കുളള നിരക്കുകള്‍ 24.99 റിയാല്‍ മുതലാണ് ആരംഭിക്കുന്നത്.
ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ അഞ്ച് കിലോഗ്രാം ഹാന്‍ഡ് ലഗേജും അനുവദിക്കും. ഇന്നു മുതല്‍ ഈ മാസം 28-ാം തീയതിവരെയുളള ബുക്കിംഗുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഒക്ടോബര്‍ ഒന്നിനും നവംബര്‍ 30 നും ഇടയില്‍ യാത്ര ചെയ്യാനാകും.



