ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കേസിൽ ഇന്നലെ 54 വയസ്സുകാരനെയും 15 വയസ്സുകാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്ററന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. റസ്റ്ററന്റിൽ അത്താഴം കഴിക്കാനെത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർക്ക് ലണ്ടൻ ആംബുലൻസ് സർവീസ് പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിൽ വൻ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്.
സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ആക്രമണത്തിലേക്ക് പ്രതികളെ നയിച്ച കാരണം എന്താണെന്ന് ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റ രണ്ട് പേർ ഉദ്യോഗസ്ഥർ വരുന്നതിന് മുൻപ് റസ്റ്ററന്റിൽ നിന്ന് പോയതായി സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ആക്രമണത്തിൽ റസ്റ്ററന്റിന് വ്യാപകമായ നാശനഷ്ടമുണ്ടായി. ഒരു ദ്രാവകം ഒഴിച്ച ശേഷമാണ് പ്രതികൾ തീയിട്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത് കലവാലയാണ് ഇന്ത്യൻ അരോമ റസ്റ്ററന്റിന്റെ ഉടമ.



