തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് സി.പി.എം നടത്തിയ മാര്‍ച്ചും അക്രമവും മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെ.പി.സി.സി നേതൃയോഗം. കന്റോണ്‍മെന്റ് ഹൗസിനും പ്രതിപക്ഷ നേതാവിന്റെ ഓഫിസിനും നേരെ നടന്ന അക്രമത്തിലും സുരക്ഷാ വീഴ്ചയിലും കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും ഓൺലൈൻ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
ഭരണപക്ഷത്തിന്റെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുകയെന്ന സുപ്രധാന ജനാധിപത്യ ദൗത്യമാണ് പ്രതിപക്ഷ നേതാവ് നിര്‍വഹിക്കുന്നത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹമാണ് ഇടതുപക്ഷത്തിനും സിപിഎമ്മിനും. പ്രതിപക്ഷ നേതാവിന്റെ നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഓഫിസിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും സിപിഎം നടത്തിയ അക്രമ സമരത്തെ കെപിസിസി ഭാരവാഹിയോഗം അപലപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 29,30, 31 സെപ്റ്റംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ ഭവന സന്ദര്‍ശനം നടത്തി ഫണ്ട് സമാഹരണം നടത്തും. ഇതിന്റെ മുന്നൊരുക്കം യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും സ്വന്തം വാര്‍ഡിലെ ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോണ്‍ഗ്രസ് ഈ ഭവനസന്ദര്‍ശനത്തില്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും നേതാക്കളോട് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ആര്യനാട്ട് പഞ്ചായത്തംഗം ശ്രീജ ആത്മഹത്യ ചെയ്യാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി യോഗം അഭിപ്രായപ്പെട്ടു. സി.പി.എം നേതാക്കളുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നും കെ.പി.സി.സി യോഗം ആവശ്യപ്പെട്ടു.



