ജറൂസലം: ഹമാസിെന്റ പിടിയിലുള്ള ബന്ദികളെ തിരിച്ചെത്തിക്കാൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രായേലിൽ വൻ പ്രതിഷേധം. ടയറുകൾ കത്തിച്ച് പ്രധാന റോഡുകൾ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഗസ്സയിൽ പൂർണ അധിനിവേശത്തിനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഹമാസിനെ ദുർബലമാക്കാനും ബന്ദികളെ തിരിച്ചെത്തിക്കാനും ഏറ്റവും നല്ല മാർഗം വിപുലമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
എനാൽ, ബന്ദികളുടെ കുടുംബാംഗങ്ങളും പിന്തുണക്കുന്നവരും വെടിനിർത്തലാണ് ആവശ്യപ്പെടുന്നത്. ചർച്ചയിലേക്ക് തിരിച്ചുപോകാൻ ഹമാസ് ബന്ദിയായിരിക്കെ, കൊല്ലപ്പെട്ട ഇസ്രായേലി-അമേരിക്കൻ പൗരനായ ഇറ്റയ് ചെന്നിന്റെ പിതാവ് റൂബി ചെൻ ആവശ്യപ്പെട്ടു. 21കാരനായ ഇറ്റയ് ചെന്നിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല.
സമ്മർദത്തിലൂടെയേ നെതന്യാഹുവിനെയും സുരക്ഷാ മന്ത്രിസഭയെയും വെടിനിർത്തലിന് പ്രേരിപ്പിക്കാൻ കഴിയൂവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മന്ത്രിസഭ വിടുമെന്നാണ് തീവ്രവലതുകക്ഷികളുടെ നിലപാട്. ഒരു വർഷം മുമ്പ് തന്നെ യുദ്ധം അവസാനിപ്പിച്ച് എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാൻ കഴിയുമായിരുന്നെന്ന് ഹമാസ് ബന്ദിയാക്കിയ മാതനിന്റെ പിതാവ് എയ്നാവ് സൻഗോക്കർ പറഞ്ഞു.



