തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമസ്തേ കേരളത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ ഇല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ.



