കുവൈത്ത് സിറ്റി: കുവൈത്തിൽ ഫ്‌ളാറ്റുകളുടെ വാടക നിരക്കുകൾ ഉയരുമെന്ന മുന്നറിയിപ്പുമായി റിയൽ എസ്റ്റേറ്റ് യൂണിയൻ. സന്ദർശക വിസകൾ വീണ്ടും തുറന്നതോടെ പ്രവാസികളുടെ വരവ് വർധിക്കുന്നത് ഭവന ആവശ്യകത കൂട്ടുമെന്നും രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ വാടകയിൽ 7 മുതൽ 10 ശതമാനം വരെ വർധനവ് രേഖപ്പെടുത്താമെന്നും റിയൽ എസ്റ്റേറ്റ് യൂണിയൻ ചെയർമാൻ ഇബ്രാഹിം അൽ അവധി വ്യക്തമാക്കി.
സന്ദർശകരുടെ എണ്ണത്തിലെ വർധനവ് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, വാണിജ്യ മേഖലകൾ എന്നിവയ്ക്ക് നേരിട്ടുള്ള ഗുണമായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബാങ്കിങ് മേഖല, സ്വകാര്യ ആരോഗ്യ സേവനങ്ങൾ എന്നി മേഖലയിലും വളർച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, സാമ്പത്തിക സ്ഥിരത കൃത്യമായി വിലയിരുത്താൻ കുറഞ്ഞത് ആറുമാസം വേണ്ടിവരുമെന്നും റിയൽ എസ്റ്റേറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രാജ്യത്തെ ഭവന യൂണിറ്റുകളുടെ 18 ശതമാനം ഒഴിഞ്ഞുകിടക്കുന്നതായും, വിസിറ്റ് വിസകൾ തുറക്കൽ ഹ്രസ്വ-ഇടത്തരം വാടക വിപണിയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഹവല്ലി, സാൽമിയ പോലുള്ള സ്ഥലങ്ങളിൽ ചെറിയ അപ്പാർട്ടുമെന്റുകളുടെ വാടക 280 ദിനാർ മുതൽ 330 ദിനാർ വരെ ഉയർന്നേക്കാം.
അതിനിടെ വാടക ഉയരുന്നത് മലയാളികൾ അടക്കമുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് വൻ തിരച്ചടിയാകും. നിലവിൽ പ്രവാസികളുടെ ആകെ വരുമാനത്തിന്റെ ശരാശരി 30 മുതൽ 40 ശതമാനം വരെ വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് കണക്കുകൾ.



