വാഷിങ്ടൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യക്തിപരമായ ബന്ധം അവസാനിച്ചെന്ന് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. എല്ലാവർക്കും ഇത് ഒരു പാഠമാണെന്നും ആദ്യ ട്രംപ് സർക്കാരിൽ എൻഎസ്എ ആയി സേവനമനുഷ്ഠിച്ച ബോൾട്ടൻ പറഞ്ഞു. നരേന്ദ്ര മോദിയുമായി ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും യുഎസ് പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ മുന്നറിയിപ്പ് നൽകി. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ-യുഎസ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ബോൾട്ടൻ ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയത്.
‘‘ട്രംപ് രാജ്യാന്തര ബന്ധങ്ങളെ കാണുന്നത് നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്. വ്‌ളാഡിമിർ പുട്ടിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, യുഎസിനും റഷ്യയ്ക്കുമിടയിൽ നല്ല ബന്ധമുണ്ടാകും. ഇപ്പോൾ അങ്ങനെയല്ലെന്ന് വ്യക്തമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ട്രംപിന് നല്ല വ്യക്തിബന്ധം ഉണ്ടായിരിക്കാം. എന്നാൽ അത് ഒരിക്കലും ഗുണകരമാകില്ല. മോശം സാഹചര്യത്തിൽ സംരക്ഷണം നൽകുകയുമില്ല.’’ – ബ്രിട്ടിഷ് മീഡിയ പോർട്ടൽ എൽബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.



