പത്തനംതിട്ട: കോന്നി അരുവാപ്പുലം പടപ്പക്കൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷപരിപാടിയ്ക്കിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം പടപ്പക്കൽ ചേമ്പിലാക്കൽ വീട്ടിൽ സ്വർണാകരൻ എന്നു വിളിക്കുന്ന അശോകനാണ് (51) അറസ്റ്റിലായത്. പടപ്പക്കൽ കാരുമല മുരുപ്പേൽ വീട്ടിൽ ജഗനാണ് (29) കുത്തേറ്റത്. അഞ്ചിന് ഗ്രന്ഥശാലയിൽ നടന്ന ഓണാഘോഷപരിപാടിയ്ക്കിടെയാണ് വൈകിട്ട് 04.30ന് മുൻവിരോധത്താൽ പ്രതി ജഗനെ കുത്തി പരിക്കേല്പിച്ചത്. വയറിനു മുകളിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ കെ ബി ബിജു കോട്ടയം മെഡിക്കൽ കോളേജിലെത്തി ജഗന്റെ മൊഴി രേഖപ്പെടുത്തി, കോന്നി എസ് എച്ച് ഒ ബി രാജഗോപാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 6ന് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു കരുതൽ തടങ്കലിൽ സൂക്ഷിച്ചുവരികയായിരുന്നു. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. കോന്നി പോലീസ് ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിൽ എസ് ഐ ഷൈജു, എസ് സി പി ഒ ബിജു, സി പി ഒ രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതി കോന്നി പോലീസ് മുൻപ് രജിസ്റ്റർ ചെയ്ത ദേഹോപദ്രവകേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.
ഓണാഘോഷപരിപാടിയ്ക്കിടെയുള്ള സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു: പ്രതി അറസ്റ്റിൽ
RELATED ARTICLES



