‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്ന് വിളിപ്പേര് നേടിയ പതിനഞ്ചുകാരനായ കാര്‍ലോ അക്കുത്തിസിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. സാങ്കേതികവിദ്യ ഉപയോഗിച്ച് വിശ്വാസം പ്രചരിപ്പിച്ച കംപ്യൂട്ടര്‍ പ്രതിഭ കത്തോലിക്കാ സഭയിലെ ആദ്യ മില്ലെനിയല്‍ വിശുദ്ധനാണ്. സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ അർപ്പിച്ച പൊതു ദിവ്യബലിമധ്യേയാണ് മാർപാപ്പ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
മില്ലെനിയൽ തലമുറയിൽപ്പെട്ടവരും കുട്ടികളുള്ള ദമ്പതികളും ഉള്‍പ്പെടെ എണ്‍പതിനായിരത്തോളംപേര്‍ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ചെറുപ്പത്തിൽ അന്തരിച്ച മറ്റൊരു ജനപ്രിയ ഇറ്റാലിയൻ വ്യക്തിത്വമായ പിയർ ജോർജിയോ ഫ്രാസാറ്റിയെയും മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
മിലേനിയൽ കാലത്ത് ജനിച്ച ആദ്യ വിശുദ്ധൻ എന്ന പദവിയിലെത്തിയ കാർലോ അക്കുത്തിസ്, ദൈവത്തിന്റെ ‘ഇൻഫ്ലുവൻസർ’ എന്നാണ് അറിയപ്പെടുന്നത്. 2006ൽ 15–ാം വയസ്സിൽ രക്താർബുദം മൂലം മരണമടഞ്ഞ അക്കുത്തിസ്, വിശ്വാസം പ്രചരിപ്പിക്കാൻ സാങ്കേതികവൈദഗ്ധ്യം ഉപയോഗിച്ചതിനാലാണു വിശുദ്ധപദവിയിലെത്തിയത്.
ലണ്ടനിൽ ജനിച്ച് മിലാനിൽ ജീവിച്ച കാർലോ ദിവ്യകാരുണ്യ അദ്ഭുതങ്ങൾ സംബന്ധിച്ചും വിശുദ്ധരെക്കുറിച്ചും വെബ്സൈറ്റുകൾ ഒരുക്കിയാണു പ്രേഷിത പ്രവർത്തനം തുടങ്ങിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി. ഏപ്രിൽ 27ന് നടത്താനിരുന്ന വിശുദ്ധ പ്രഖ്യാപനച്ചടങ്ങ് 21നു ഫ്രാൻസിസ് മാർപാപ്പയുടെ മരണം മൂലം മാറ്റിവയ്ക്കുകയായിരുന്നു.



