തിരുവനന്തപുരം: വോട്ടർ പട്ടിക വർഷം തോറും പുതുക്കുന്നത് നല്ലതാണെന്ന് ശശി തരൂർ എംപി. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂർ. വോട്ട് ഇരട്ടിപ്പ്, മരിച്ചു പോയ വോട്ടർമാർ, സ്ഥലം മാറിപ്പോയവർ എന്നിങ്ങനെ പട്ടികയിൽ ഉണ്ടാകും.
വിശാല കാഴ്ചപ്പാടിൽ ഇത് പരിഗണിക്കേണ്ട വിഷയമാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഇതിനായി കമ്മീഷന് ഉപയോഗിക്കാമെന്നും തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും നല്ല സമീപനം ഈ കാര്യങ്ങളെ വളരെ തുറന്ന രീതിയിൽ അഭിമുഖീകരിക്കുക എന്നതായിരിക്കണമെന്നും തരൂർ പറഞ്ഞു. ഒരു വോട്ടർക്കും തെരഞ്ഞെടുപ്പിന്റെ നീതിയെക്കുറിച്ച് അവരുടെ മനസിലും ഹൃദയത്തിലും സംശയം തോന്നരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ പറഞ്ഞു.



