ദോഹ: ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഖത്തര്‍. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി വ്യക്തമാക്കി. ദോഹയില്‍ ഇന്നലെ രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മേഖലയില്‍ കൂസലില്ലാതെ ഭീകരപ്രവര്‍ത്തനം നടത്തുന്നയാളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവെന്നും അദ്ദേഹം തുറന്നടിച്ചു.



