ടെൽഅവീവ്: ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹുവിൻ്റെ ഭീഷണി. ‘ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളോടും ഞാൻ പറയുന്നു, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കുക അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കാരണം നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും’, നെതന്യാഹു പ്രതികരിച്ചു. വെടിനിർത്തൽ ധാരണ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം പരിഗണിക്കാതെയാണ് ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ നെതന്യാഹുവിൻ്റെ പ്രസ്താവനയെ ഖത്തർ അപലപിച്ചിട്ടുണ്ട്. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ഭാവിയിൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമം എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവനയോടുള്ള ഖത്തർ വിദേശകാര്യ മന്ത്രാലത്തിൻ്റെ പ്രതികരണം.



