മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി രണ്ടാഴ്ച മുൻപ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായി കുടുംബം അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം, ജാഗ്രത
RELATED ARTICLES



