കൊച്ചി: ബി. അശോകിന്റെ സ്ഥലംമാറ്റത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്.
സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ആന്റ് ആർഡിയിലേക്ക് മാറ്റിയത്. കേരഫെഡ് പദ്ധതിക്കുള്ള ലോകബാങ്കിന്‍റെ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത വന്നതിന്‍റെ അടിസ്ഥാനത്തിൽ ഫയലുകൾ പുറത്ത് വന്നതിന്‍റെ പേരിലായിരുന്നു ബി. അശോകിനെ സർക്കാർ നേരത്തെ സ്ഥലം മാറ്റിയത്.
ഇക്കഴിഞ്ഞ ജനുവരിയിലും ബി.അശോകിന്റെ സ്ഥലംമാറ്റത്തിൽ സർക്കാരിന് തിരിച്ചടിയേറ്റിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ വകുപ്പ് പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിയത് സംബന്ധിച്ച് അശോക് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.



