പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ–പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ തള്ളി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും ഉഭയകക്ഷി പരിഹാരമാണ് വേണ്ടതെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. മധ്യസ്ഥന്‍റെ ആവശ്യമില്ലെന്ന് ഇന്ത്യ നിലപാടെടുത്തുവെന്നും ധര്‍ വെളിപ്പെടുത്തി. സംഘര്‍ഷം പരിഹരിക്കാന്‍ മൂന്നാമതൊരാളുടെ ഇടപെടലിനോട് ഇന്ത്യ ഒരുഘട്ടത്തിലും യോജിച്ചില്ലെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍ വെളിപ്പെടുത്തിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സംഭാഷണത്തിന് ശ്രമിച്ചുവെങ്കിലും ഇന്ത്യ ആദ്യം പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥര്‍ ആരെങ്കിലും ഇടപെടുന്നതിനോട് പാക്കിസ്ഥാന് വിയോജിപ്പില്ലായിരുന്നു. പക്ഷേ ഇന്ത്യ സമ്മതിച്ചില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കാണ് ഇന്ത്യ ഇക്കാലമത്രയും തയാറായിട്ടുള്ളതും’ എന്നായിരുന്നു മൂന്നാം കക്ഷി ഇടപെട്ടോ? പാക്കിസ്ഥാന്‍ അതിന് തയാറായിരുന്നോ? എന്ന ചോദ്യത്തിന് ധര്‍ നല്‍കിയ മറുപടി. എന്നാല്‍ വെടിനിര്‍ത്തലില്‍ എത്താന്‍ സഹായിക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്തുവെന്നും ധര്‍ വെളിപ്പെടുത്തി. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മാര്‍കോ റുബിയോയും ട്രംപിന്‍റെ മധ്യസ്ഥക്കാര്യം ശരിവച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇന്ത്യ ഇതെപ്പോഴും ഉഭയകക്ഷി പ്രശ്നം മാത്രമായാണ് കണ്ടതെന്നും പാക് മന്ത്രി ആവര്‍ത്തിച്ചു.



