വാഷിങ്ടൺ: യുഎസിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇബി 5 വിസ ഒരു പ്രധാന മാർഗമായി മാറുകയാണ്. എച്ച്1ബി, എഫ്1 വിസകൾ കിട്ടാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കൂടുതൽ പേർ ഈ വഴി തിരഞ്ഞെടുക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്ത്സ് അല്ലെങ്കിൽ സ്റ്റെം (STEM) മേഖലയിലെ ഇന്ത്യൻ വിദ്യാർഥികളും പ്രൊഫഷണലുകളും സാമ്പത്തികമായി മെച്ചപ്പെട്ടവരുമാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഇബി 5 വിസ തിരഞ്ഞെടുക്കുന്നത്.
എച്ച്1ബി, എഫ്1 വിസകൾക്ക് കാത്തിരിപ്പ് സമയം കൂടുന്നതും കിട്ടാനുള്ള സാധ്യത കുറയുന്നതുമാണ് ഇബി 5 വിസയുടെ പ്രധാന ആകർഷണം. സാധാരണയായി എംപ്ലോയ്മെൻ്റ് ബേസ്ഡ് ഗ്രീൻ കാർഡ് കിട്ടാൻ 15 മുതൽ 24 വർഷം വരെ എടുക്കും. എന്നാൽ ഇബി 5 വിസ വഴി നിക്ഷേപം നടത്തി എളുപ്പത്തിൽ ഗ്രീൻ കാർഡ് നേടാം.
ഇബി 5 വിസ ഇപ്പോൾ ഒരു സാധാരണ വഴിയായി മാറിയിരിക്കുന്നുവെന്ന് ഇന്ത്യൻ അമേരിക്കൻ ഇമിഗ്രേഷൻ അറ്റോർണി നടാദൂർ എസ് കുമാർ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. വസ്തുവകകളുടെ വിലയും വീടിന്റെ വിലയുമൊക്കെ ഉയർന്നതോടെ കൂടുതൽ ഇന്ത്യക്കാർക്ക് ഈ വിസയിൽ പണം മുടക്കാൻ സാധിക്കുന്നു. പലപ്പോഴും അവരുടെ മാതാപിതാക്കളും സഹായിക്കുന്നു. എച്ച1ബി വിസയുള്ളവരും എഫ്1 വിസയിൽനിന്ന് എച്ച്1ബി വിസയിലേക്ക് മാറാൻ ശ്രമിക്കുന്ന വിദ്യാർഥികളും സാമ്പത്തികമായി മെച്ചപ്പെട്ടതിനാൽ ഇബി 5 വിസയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റെം മേഖലയിലുള്ള ഇന്ത്യക്കാർക്കിടയിൽ ഈ വിസയ്ക്ക് ഇത്രയും പ്രചാരം കിട്ടാൻ കാരണം കൂടുതൽ അപേക്ഷകരുള്ളതുകൊണ്ടാണ്. ഇതിന് പിന്നിൽ മറ്റ് വിവേചനങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.



