തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്‍റണി. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നു ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്.
അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണം എന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞുവെന്നും ആൻ്റണി പറഞ്ഞു



