ജെറുസലേം: ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇന്നുമാത്രം കൊല്ലപ്പെട്ടത് 62 പേരാണ്. ഇതിൽ 22 പേർ കുട്ടികളാണ്. ഒരുലക്ഷത്തോളം പേർ ഇന്നും ഗാസയിൽ നിന്ന് പലായനം ചെയ്തു. അന്താരാഷ്ട്ര സമ്മർദങ്ങളെ മുഴുവൻ അവഗണിച്ചാണ് ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തുന്നത്. പ്രദേശത്ത് ഇന്റർനെറ്റ് സേവനവും ഏറെക്കുറെ പൂർണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറഞ്ഞു.അതേസമയം ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യാനായി ഇസ്രയേൽ അനുവദിച്ചുകൊടുത്ത പാത 48 മണിക്കൂർ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസ സിറ്റിയെ കൂടാതെ ദൈറുൽ ബലാ നഗരത്തിലേക്കും ഇസ്രയേൽ സൈന്യമെത്തി. അന്താരാഷ്ട്ര തലത്തിൽ രൂക്ഷവിമർശനമുണ്ടാകുമ്പോഴും ഹമാസിനെ പൂർണമായും തുരത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആവർത്തിക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭ്യർത്ഥിച്ചിരുന്നു. ചൈനയും ജർമനിയും വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ നിർബന്ധിത ഭീഷണികളും നിരന്തരമായ ബോംബാക്രമണങ്ങളും തുടരുമ്പോഴും വടക്കൻ ഗാസയിൽ പത്തുലക്ഷത്തിലധികം പലസ്തീനികൾ തുടരുകയാണ്.
ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധംമുറുകി, കൊല്ലപ്പെട്ടത് 62 പേർ, 22 കുട്ടികൾ
RELATED ARTICLES



