ന്യൂഡൽഹി : വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നു പ്രഖാപിച്ച് രണ്ടാഴ്ചയ്ക്കു ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു രാവിലെ 10ന് വാർത്താസമ്മേളനം നടത്തുന്നു. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ തിരഞ്ഞെടുപ്പു ക്രമക്കേടിനെക്കുറിച്ചു രാഹുൽ വെളിപ്പെടുത്തുമെന്നാണ് കോൺഗ്രസ് ക്യാംപിൽ നിന്നുള്ള പ്രചാരണം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
ബിഹാറിലെ വോട്ടവകാശ യാത്രയുടെ സമാപന വേദിയിലാണു പുതിയൊരു വെളിപ്പെടുത്തലിനുള്ള പണിപ്പുരയിലാണെന്ന് രാഹുൽ ആദ്യം സൂചിപ്പിച്ചത്. രാജ്യത്തു ബിജെപിക്ക് അനുകൂലമായി ‘വോട്ടുകൊള്ള’ നടക്കുന്നുവെന്നു വ്യക്തമാക്കാൻ നടത്തിയ വെളിപ്പെടുത്തൽ ആറ്റംബോംബ് മാത്രമാണെന്നും ഹൈഡ്രജൻ ബോംബ് വരാനിരിക്കുകയാണെന്നുമാണ് രാഹുൽ പറഞ്ഞത്. അജയ് റായിയായിരുന്നു വാരാണസി മണ്ഡലത്തിൽ നരേന്ദ്ര മോദിയുടെ എതിരാളി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് മുന്നിലെത്തിയതും മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും ചർച്ചയായിരുന്നു.



