Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസ് പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യൻ ടെക്കിയുടെ അവസാന ലിങ്ക്ഡിൻ പോസ്റ്റ് ചർച്ചയാകുന്നു

യുഎസ് പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യൻ ടെക്കിയുടെ അവസാന ലിങ്ക്ഡിൻ പോസ്റ്റ് ചർച്ചയാകുന്നു

വാഷിങ്ടൺ: യുഎസ് പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യൻ ടെക്കിയുടെ അവസാന ലിങ്ക്ഡിൻ പോസ്റ്റ് ചർച്ചയാകുന്നു. ജോലിസ്ഥലത്ത് വംശീയ അധിക്ഷേപം നേരിട്ട കാര്യമടക്കമാണ് 32കാരനായ മുഹമ്മദ് നിസ്സാമുദ്ദീൻ വിശദീകരിക്കുന്നത്. വംശീയ വിദ്വേഷത്തിൻ്റെ ഇരയാണ് താനെന്നും മുഹമ്മദ് നിസ്സാമുദ്ദീൻ പോസ്റ്റിൽ പറയുന്നു. വെള്ളക്കാരൻ്റെ മേധാവിത്വവും വെള്ളക്കാരൻ്റെ വംശീയ മാനോഭാവവും അവസാനിപ്പിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

മുഹമ്മദ് നിസ്സാമുദ്ദീൻ്റെ പോസ്റ്റ് ഇങ്ങനെ;

“വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, വേതന വഞ്ചന, തെറ്റായ പിരിച്ചുവിടൽ, നീതി തടസ്സപ്പെടുത്തൽ എന്നിവയുടെ ഇരയാണ് ഞാൻ. എല്ലാത്തിനുമെതിരെ ശബ്ദമുയർത്താൻ ഞാൻ ഇന്ന് തീരുമാനിച്ചു. വെള്ളക്കാരുടെ മേധാവിത്വവും വംശീയമായ വെളുത്ത അമേരിക്കൻ മനോഭാവവും അവസാനിപ്പിക്കണം. കോർപ്പറേറ്റ് സ്വേച്ഛാധിപതികളുടെ അടിച്ചമർത്തൽ അവസാനിപ്പിക്കണം, അതിൽ ഉൾപ്പെട്ട എല്ലാവരെയും കഠിനമായി ശിക്ഷിക്കണം. എനിക്ക് ധാരാളം ശത്രുതയും മോശം അല്ലെങ്കിൽ അസ്വീകാര്യമായ അന്തരീക്ഷവും വിവേചനവും വംശീയ പീഡനവും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുപുറമെ കമ്പനി ശമ്പള തട്ടിപ്പും നടത്തി.

എനിക്ക് ന്യായമായ വേതനം ലഭിച്ചില്ല, ലേബർ ഡിപ്പാർട്ട്മെൻ്റ് അനുശാസിക്കുന്ന വേതന നിലവാരത്തിന് അനുസൃതമല്ല. അവർ എന്നെ ജോലിയിൽനിന്ന് തെറ്റായി പിരിച്ചുവിട്ടു. അവിടെ അവസാനിച്ചില്ല. ഒരു വംശീയ കുറ്റാന്വേഷകന്റെയും സംഘത്തിന്റെയും സഹായത്തോടെ അവർ അവരുടെ പീഡനവും വിവേചനവും ഭീഷണിപ്പെടുത്തുന്ന പെരുമാറ്റവും തുടർന്നു.

ഈയിടെയായി, സ്ഥിതി കൂടുതൽ വഷളായി. എന്റെ ഭക്ഷണത്തിൽ വിഷം കലർത്തി, ഇപ്പോൾ അനീതിക്കെതിരെ പോരാടിയതിന് എന്നെ എന്റെ നിലവിലെ വീട്ടിൽനിന്ന് പുറത്താക്കുന്നു. സഹപ്രവർത്തകർ, തൊഴിലുടമ, ക്ലയന്റ്, ഡിറ്റക്ടീവ്, അവരുടെ സമൂഹം എന്നിവരാണ് പ്രധാന അക്രമികൾ.

ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് പിന്നിൽ ഞാനല്ല, എന്നെ അടിച്ചമർത്തുന്നവരാണ്. ഇന്ന് എനിക്ക് ഇത് സംഭവിക്കുന്നു. നാളെ ആർക്കും ഇത് സംഭവിക്കാം. അതിനാൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ അടിച്ചമർത്തലിനും തെറ്റുകൾക്കും എതിരെ നീതി ആവശ്യപ്പെടുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ ഞാൻ ലോകത്തോട് അഭ്യർഥിക്കുന്നു. ഞാൻ ഒരു വിശുദ്ധനല്ലെന്ന് എനിക്ക് പൂർണമായും മനസ്സിലായി, പക്ഷേ അവർ ഒരു ദൈവമല്ലെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. ബാക്കിയുള്ള ഫയലുകൾ ഞാൻ മറ്റൊരു പോസ്റ്റിൽ അപ്‌ലോഡ് ചെയ്യും”.

തെലങ്കാനയിലെ മഹാബുബ്നഗർ സ്വദേശിയായ മുഹമ്മദ് നിസ്സാമുദ്ദീൻ കാലിഫോർണിയയിലെ സാൻ്റാ ക്ലാരയിലായിരുന്നു താമസം. സെപ്റ്റംബർ മൂന്നിന് സഹ താമസക്കാരനുമായുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചതിനിടെയാണ് യുഎസ് പോലീസ് നിസ്സാമുദ്ദീനെ വെടിവെച്ചത്. സംഭവമറിഞ്ഞ് എത്തിയപ്പോൾ കത്തിയുമായി നിൽക്കുന്ന നിസ്സാമുദ്ദീനെ ആണ് കണ്ടതെന്നും അപകടം ഒഴിവാക്കാനായി വെടിവെക്കുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments