ഒരു യുകെ പൗണ്ടിന് 120 രൂപ എന്ന കടമ്പ കടക്കുമോയെന്ന ആകാംക്ഷയിൽ യുകെയിലെ ഇന്ത്യക്കാർ
ലണ്ടൻ : ഇന്ത്യൻ രൂപയുമായുള്ള ഏറ്റക്കുറച്ചിലിൽ യുകെ പൗണ്ട്. ഒരു യുകെ പൗണ്ടിന് 120 രൂപ എന്ന കടമ്പ കടക്കുമോയെന്ന ആകാംക്ഷയിൽ യുകെയിലെ ഇന്ത്യക്കാർ. ഇക്കഴിഞ്ഞ 16ന് ഒരു യുകെ പൗണ്ടിന് 119. 95 രൂപ എന്ന നിരക്കിലെത്തിയെങ്കിലും പൗണ്ടിന്റെ മൂല്യം കുറഞ്ഞതിനാൽ 120 രൂപ കടക്കാനായില്ല. നിലവിൽ പൗണ്ട് ഒന്നിന് 118.71 രൂപയാണ് വിനിമയ നിരക്ക്. വരും ദിവസങ്ങളിൽ പൗണ്ടിന്റെ മൂല്യം വീണ്ടും താഴേക്ക് പോകുമെന്നാണ് വിനിമയ വിദഗ്ധർ പറയുന്നത്. നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഏറ്റവും നല്ല അവസരമെന്നും വിദഗ്ധർ പറയുന്നു. ഇനിയും കാത്തിരുന്നാൽ ഒരുപക്ഷേ കൂടുതൽ കുറവ് വന്നേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം ദീർഘ കാലയളവിൽ പൗണ്ട് മൂല്യം രൂപയ്ക്ക് എതിരെ മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്നും അടുത്ത കുതിപ്പിൽ 120 എന്ന കടമ്പ കടക്കുമെന്നും ചില വിപണി വിദഗ്ധർ പ്രവചിക്കുന്നു. യുകെയിൽ ജോലിചെയ്യുന്ന പ്രവാസികളിൽ നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണെങ്കിലും ലോണെടുത്തും മറ്റും പഠിക്കാൻ എത്തിയ വിദ്യാർഥികൾക്കും ഇന്ത്യയിലെ ഇറക്കുമതിക്കാർക്കും ഇത് വലിയ തിരിച്ചടിയാണ്.



