ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളികളെയും വകവയ്ക്കാതെ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മാസം 20% വരെ വർധനയുമായി പ്രതിദിനം 3 ലക്ഷം ബാരൽ വരെ എണ്ണയാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്ന് വാങ്ങുന്നത്.
ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് റഷ്യ കൂട്ടിയതും നേട്ടമായി. ജൂലൈയിൽ ബാരലിന് ഒന്നു മുതൽ രണ്ടര ഡോളർ വരെയായിരുന്നു ഡിസ്കൗണ്ട് എങ്കിൽ, ഈ മാസവും അടുത്തമാസത്തേക്കും അത് 3-4 ഡോളറാണ്. അതായത്, ഒക്ടോബറിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് ശക്തമായി തുടരുമെന്ന് ഇതു വ്യക്തമാക്കുന്നു.
റഷ്യൻ എണ്ണ ഇറക്കുമതിയുടേ പേരിൽ ഇന്ത്യയ്ക്കുമേൽ ട്രംപ് 25% പിഴത്തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഉൽപന്നങ്ങളുടെ ആതെ തീരുവ 50 ശതമാനമായി. ട്രംപ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രസീലിനും 50 ശതമാനമാണ് തീരുവ. റഷ്യയിൽ നിന്നാണ് ഇപ്പോഴും ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത്. അതേസമയം യുഎസ്, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഇന്ത്യൻ കമ്പനികൾ കൂട്ടിയിട്ടുണ്ട്.



