വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പറന്നുവന്ന മറൈൻ വൺ ഹെലികോപ്റ്ററിൽ ലേസർ അടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വാഷിങ്ടനിൽ വൈറ്റ് ഹൗസിനു സമീപത്തായിരുന്നു സംഭവം. ചുവന്ന ലേസറാണ് 33 വയസ്സുകാരനായ ജേക്കബ് സാമുവൽ വിങ്ക്ളർ അടിച്ചത്. യുഎസിലെ ഫെഡറൽ നിയമപ്രകാരം 5 വർഷം വരെ യുവാവിന് ശിക്ഷ കിട്ടാനിടയുണ്ടെന്നാണു നിയമവിദഗ്ധർ പറയുന്നത്.
യുഎസ് പ്രസിന്റിന്റെ ഹെലികോപ്റ്റർ പുറപ്പെടുമ്പോൾ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ താഴെ പട്രോളിങ് നടത്തുന്ന പതിവുണ്ട്. ഇങ്ങനെ പട്രോളിങ് നടത്തുന്നതിനിടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനായ ഡിയേഗോ സാന്തിയാഗോയാണു വിങ്ക്ളറെ കണ്ടത്. ഷർട്ടിടാതെ തന്നോടു തന്നെ സംസാരിച്ചു കൊണ്ടുനിൽക്കുന്ന വിങ്ക്ളർ ഉദ്യോഗസ്ഥനിൽ സംശയമുണർത്തി. അദ്ദേഹം വിങ്ക്ളറുടെ മുഖത്തേക്കു ടോർച്ച് അടിച്ചു. വിങ്ക്ളർ കയ്യിലിരുന്ന ലേസർ സാന്തിയാഗോയുടെ മുഖത്തുമടിച്ചു. തുടർന്നാണു പറന്നുപൊങ്ങുന്ന ഹെലികോപ്റ്ററിലേക്കും വിങ്ക്ളർ ലേസർ അടിച്ചത്.
ഇത്തരത്തിലുള്ള പ്രവൃത്തി ദോഷകരമാണെന്നു ക്രൈം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലേസർ പൈലറ്റിന്റെ മുഖത്തേക്കു പതിച്ചാൽ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റാം. ഇതു ഹെലികോപ്റ്ററിന്റെ ദിശ മാറാനും അപകടത്തിൽപെടാനും ഇടയാക്കുന്ന കാര്യമാണ്. വിലങ്ങണിയിച്ച് വിങ്ക്ളറെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



