ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആർ പ്രവർത്തനങ്ങളിൽ തിരക്കിലാണെന്നും വോട്ട് മോഷ്ടിച്ചാണ് ബിജെപി അധികാരത്തിൽ തുടരുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ യുവാക്കൾ യഥാർത്ഥ പോരാട്ടം ജോലിക്കുവേണ്ടി മാത്രമല്ല നടത്തേണ്ടതെന്നും വോട്ട് മോഷണത്തിനെതിരെയാണ്. തിരഞ്ഞെടുപ്പുകൾ ‘മോഷ്ടിക്കപ്പെടുന്നിടത്തോളം’ തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പിആർ പ്രവൃത്തികളിൽ മാത്രം തിരക്കിലാണ്. അദ്ദേഹം സെലിബ്രിറ്റികളെയും ശതകോടീശ്വരൻമാരെയും പ്രശംസിക്കുകയാണ്. യുവാക്കളുടെ പ്രതീക്ഷകൾ തകർക്കുകയും അവരെ നിരാശരാക്കുകയും ചെയ്യുന്നത് ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് ഏതെങ്കിലും സർക്കാർ അധികാരത്തിൽ വരുമ്പോൾ, യുവാക്കൾക്ക് തൊഴിലും അവസരങ്ങളും നൽകുക എന്നതാണ് പ്രഥമ കടമ. എന്നാൽ ബിജെപി തിരഞ്ഞെടുപ്പുകളിൽ സത്യസന്ധമായി വിജയിക്കുന്നില്ല’’ – ജോലി തേടി പ്രതിഷേധിക്കുന്ന യുവാക്കളെ ലാത്തിച്ചാർജ് ചെയ്യുന്നതിന്റെയും മോദി മയിലുകൾക്ക് ഭക്ഷണം നൽകുന്നതിന്റെയും വിഡിയോ എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പരാമർശം.



