ലെസ്റ്റര്‍: യുകെയില്‍ അനീമിയ രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന തിരുവല്ല സ്വദേശിനി ബ്ലെസി സാംസൺ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടിൽ നഴ്സായിരുന്നു.ബ്ലെസി മുമ്പ് നാട്ടില്‍ നഴ്സായി ജോലി ചെയ്തിരുന്നു. 2023 മാർച്ചിലാണ് ലെസ്റ്ററിൽ കെയറർ വിസയിൽ എത്തിയത്. ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാൻ കഴിഞ്ഞത്. പിന്നീട് അനീമിയ രോഗത്തെ തുടർന്നുള്ള ചികിത്സകളിലായിരുന്നു. ഇൻഡോർ മലയാളിയായ സാംസൺ ജോൺ ആണ് ഭർത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കൾ.മൃതദേഹം നാട്ടിലെത്തിച്ച് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്നാണ് ബ്ലെസിയുടെ ഭര്‍ത്താവിന്‍റെയും മക്കളുടെയും ആഗ്രഹം. ഇതിനായി യുകെയിലെ മലയാളി സമൂഹത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബ്ലെസിയുടെ കുടുംബം. ബ്ലെസിയുടെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടില്‍ എത്തിക്കാനും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം വേഗം നാട്ടിലെത്തിക്കും.



