കോട്ടയം: കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പൊലീസ് നിഗമനം. കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കുവൈത്തിലെ അൽ അഹ് ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയതായാണ് കേസ്. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേ നട സ്വദേശി ജിഷയാണ് പ്രതി.



