ന്യൂഡല്ഹി: ലഡാക്കിൽ നടക്കുന്ന ആഭ്യന്തര സംഘർഷങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ലഡാക്ക് ജനത ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിനിരയായിരിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. സംസ്ഥാനപദവി എന്ന ലഡാക്കിന്റെ ആവശ്യത്തെ പിന്തുണച്ച രാഹുൽ, ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
“ലഡാക്കിന്റെ വിസ്മയിപ്പിക്കുന്ന ജനതയും സംസ്കാരവും പാരമ്പര്യവും ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിന് ഇരയാവുകയാണ്. ലഡാക്കിലെ ജനങ്ങൾ സംസ്ഥാന പദവി ആവശ്യപ്പെട്ടു. നാല് യുവാക്കളെ വധിക്കുകയും സോനം വാങ്ചുക്കിനെ ജയിലിലടക്കുകയും ചെയ്തുകൊണ്ടാണ് ബിജെപി പ്രതികരിച്ചത്”, രാഹുൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു. കൊല ചെയ്യുന്നത് നിർത്തണമെന്നും അക്രമങ്ങളും ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കണമെന്നും ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ലഡാക്കിന് സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെട്ടാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 24 ന് നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ പേരിൽ കാലാവസ്ഥാപ്രവർത്തകനും ലേ അപെക്സ് ബോഡി (എൽഎബി) എന്ന സംഘടനയിലെ അംഗവുമായ സോനം വാങ്ചുക്കിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. ജോധ്പൂർ സെൻട്രൽ ജയിലിലാണ് നിലവിൽ വാങ്ചുക്കിനെ പാർപ്പിച്ചിരിക്കുന്നത്. വാങ്ചുക്കിന്റെ അറസ്റ്റിനുപിന്നാലെ മുൻകരുതൽനടപടി എന്ന നിലയിൽ ലേയിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭരണകൂടം റദ്ദാക്കുകയും ചെയ്തു.
ബുധനാഴ്ചയുണ്ടായ അക്രമാസക്തമായ പ്രതിഷേധപ്രകടനത്തിന് കാരണക്കാരൻ വാങ്ചുക്ക് ആണെന്നാണ് കേന്ദ്രസർക്കാരിന്റെ ആരോപണം. ദേശസുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നും ഉന്നത പോലീസുദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതേസമയം, ലേയിലുണ്ടായ ആക്രമസംഭവങ്ങളിൽ വിദേശ ഇടപെടലുണ്ടെന്ന ആരോപണം എൽഎബി സഹാധ്യക്ഷൻ ഷെറിങ് ദോർജേ നിഷേധിച്ചു. നാലുയുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 24 ന്, ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ പ്രതിഷേധം, പ്രതിഷേധക്കാർ പ്രാദേശിക ബിജെപി ഓഫീസിനും ഏതാനും വാഹനങ്ങൾക്കും തീയിട്ട് തീവെപ്പും നശീകരണവും നടത്തിയതോടെ അക്രമാസക്തമായി. തുടർന്ന് പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പോലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. നാല് പേർ മരിക്കുകയും 80 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.



