ഗ്രാൻഡ് ബ്ലാങ്ക് : യുഎസ് സംസ്ഥാനമായ മിഷിഗനിൽ ക്രിസ്ത്യൻ പള്ളിയിലേക്കു വണ്ടിയോടിച്ചു കയറ്റിയശേഷം നടത്തിയ വെടിവയ്പിൽ മരണം നാലായി. 8 പേർക്കു പരുക്കേറ്റു. സമീപനഗരമായ ബർട്ടൻ സ്വദേശിയായ മുൻ യുഎസ് മറീൻ തോമസ് ജേക്കബ് സാൻഫോഡ് (40) ആണ് അക്രമി. ഇയാളെ പൊലീസ് വെടിവച്ചുകൊന്നു. ആക്രമണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. സാൻഫോഡ് 2004 മുതൽ 2008 വരെ യുഎസ് മറീനായിരുന്നു. ഇറാഖ് യുദ്ധത്തിലും പങ്കെടുത്തു.
ഗ്രാൻഡ് ബ്ലാങ്ക് നഗരത്തിൽ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സിലെ ആരാധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. പളളിയ്ക്കു തീയിടുകയും ചെയ്തു. പള്ളി ഭാഗികമായി കത്തിനശിച്ചു. ഈ സംഭവത്തിനു 14 മണിക്കൂർ മുൻപ് നോർത്ത് കാരലൈനയിലെ ബാറിൽ നടന്ന വെടിവയ്പിൽ 3 പേരാണു കൊല്ലപ്പെട്ടത്. 14 പേർക്കു പരുക്കേറ്റു. ഇതിലെ പ്രതിയും മുൻ യുഎസ് മറീനാണ്.



