തൃശ്ശൂർ: ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയ ബിജെപി എറണാകുളം മേഖല സെക്രട്ടറി പ്രിന്റു മഹാദേവിന്റെ പേരിൽ പേരാമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സി.സി. ശ്രീകുമാറിന്റെ പരാതിയിലാണ് കേസ്. പേരാമംഗലം ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് പ്രിന്റു മഹാദേവ്.
സെപ്റ്റംബർ 26-ന് സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെയാണ് ബിജെപി വക്താവായ പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രിന്റു മഹാദേവിന്റെ പേരാമംഗലത്തെ വീട്ടിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. വീടിനു സമീപം മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിപിൻ വടേരിയാട്ടിൽ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പി.ജി. ജയദീപ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ, സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി എന്നിവർ പ്രസംഗിച്ചു.
പ്രിന്റു മഹാദേവിനെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് വിദ്യാഭ്യാസമന്ത്രിക്ക് ഇ-മെയിലയച്ചു. ഒരു അധ്യാപകൻ ഇത്തരം പ്രസ്താവന നടത്തുന്നത് നിയമവിരുദ്ധവും സമൂഹത്തിൽ വെറുപ്പും ഹിംസാപ്രവണതയും വളർത്തുന്നതുമാണ്. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട സ്ഥാനത്ത് പ്രവർത്തിക്കുന്നയാളുടെ ഇത്തരം പെരുമാറ്റം അധ്യാപകധർമത്തെയും വിദ്യാഭ്യാസരംഗത്തിന്റെ മാന്യതയെയും തകർക്കുന്നതാണ്.
അതുകൊണ്ട് വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരീഷ് മോഹൻ കത്തയച്ചത്.



