കലിഫോർണിയ: അതിക്രൂരമായ പൊലീസ് മർദനത്തിന് ഇരയായ കലിഫോർണിയ സ്വദേശിനിക്ക് അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 17 ദശലക്ഷം ഡോളർ (ഏകദേശം 142 കോടി രൂപ) നഷ്ടപരിഹാരം നൽകാമെന്ന് കൗണ്ടി അധികൃതർ സമ്മതിച്ചു. യുവതിയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2020 ഓഗസ്റ്റ് ആറിന് കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന നകിയ പോർട്ടറിനാണ് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്.
പിതാവും മൂന്ന് കുട്ടികളും യാത്രയിൽ നകിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. യാത്രാമധ്യേ വാഹനം നിർത്തി ഡ്രൈവർ സീറ്റിൽ നിന്ന് മാറുന്നതിനിടെയാണ് രണ്ട് പൊലീസുകാർ ഇവരെ സമീപിച്ചത്. തുടർന്ന് ഇരുവരും തന്നെ അകാരണമായി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും റോഡിലേക്ക് തള്ളിയിട്ട് മർദ്ദിച്ചതായും യുവതി ആരോപിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇരുവരുടെയും ബോഡി ക്യാമറയിൽ പതിഞ്ഞിരുന്നു. നകിയയെ മർദ്ദിക്കുന്നതിനിടെ ‘അവളുടെ ബോധം പോയതായി തോന്നുന്നു’, എന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നതായി വിഡിയോയിൽ കേൾക്കാം.
തുടർന്ന് അബോധാവസ്ഥയിലായ നകിയ പോർട്ടറെ ഉദ്യോഗസ്ഥർ കാറിനകത്തേക്ക് വലിച്ചിഴച്ചു. നകിയയുടെ പിതാവ് ജോ പവലിനെ കുറച്ചുസമയം പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിനെ എതിർത്തുവെന്ന് ആരോപിച്ച് നകിയയെ രാത്രി മുഴുവൻ ജയിലിലടച്ചെങ്കിലും പിന്നീട് കുറ്റം ചുമത്താതെ വിട്ടയയ്ക്കുകയായിരുന്നു.
ഇതേ തുടർന്ന് നകിയ പോർട്ടർ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്തതായി നകിയ ആരോപിച്ചു. സംഭവത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ നിന്ന് താനും കുടുംബവും ഇപ്പോഴും മുക്തമായിട്ടില്ലെന്ന് നകിയ പറഞ്ഞു.



