ന്യൂയോർക്ക്: അമേരിക്കൻ പോപ് താരം അരിയാനയുടെ ട്രംപ് വിമർശനത്തിന് നേരിട്ട് മറുപടി നൽകി വൈറ്റ് ഹൗസ്. പ്രസിഡന്റ് ജോ ബൈഡൻ വരുത്തിവെച്ച പണപ്പെരുപ്പം ട്രംപ് അവസാനിപ്പിച്ചുവെന്നും അമേരിക്കയിൽ വൻകിട നിക്ഷേപങ്ങൾ കൊണ്ടുവന്നെന്നും മറുപടിയിൽ പറയുന്നു.
ആഗോളതലത്തിൽ ആരാധകരുള്ള പോക് ഗായികയാണ് അരിയാന. കഴിഞ്ഞ ദിവസമാണ് അവർ സമൂഹമാധ്യമത്തിൽ ട്രംപിനെ രൂക്ഷമായി വിമർശിക്കുന്ന പ്രമുഖ മേക്കപ് ആർട്ടിസ്റ്റ് മാറ്റ് ബേൺസ്റ്റീന്റെ കുറിപ്പ് പങ്കുവെച്ചത്. ട്രംപിന്റെ നയങ്ങളുടെ പ്രായോഗികത ചോദ്യം ചെയ്യുന്നതായിരുന്നു കുറിപ്പ്.
‘ട്രംപിന് വോട്ടുചെയ്തവരോട് ഒരുചോദ്യം. അധികാരത്തിലെത്തിയിട്ട് 250 ദിവസം പിന്നിട്ടു. കുടിയേറ്റക്കാർ തങ്ങളുടെ കുടുംബങ്ങളിൽ നിന്നും പറിച്ചുമാറ്റപ്പെട്ടു. കൂട്ടായ്മകൾ നശിപ്പിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ട്രാൻസ്ജെൻഡറുകളെ സർവ രംഗത്തും പഴിചാരുന്നു. അവർ ഭീതിയിലാണ് കഴിയുന്നത്. അഭിപ്രായ സ്വാതന്ത്രം തകർച്ചയുടെ വക്കിലാണ്. നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ? പലചരക്ക് സാധനങ്ങളുടെ വില കുറഞ്ഞോ? ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞോ? തൊഴിൽ,ജീവിത സാഹചര്യങ്ങളിൽ മാറ്റം വന്നോ? നിങ്ങൾക്ക് അവധിയെടുക്കാനാവുന്നുണ്ടോ? നിങ്ങൾ സന്തുഷ്ടരാണോ? അദ്ദേഹം ഉറപ്പുനൽകിയിരുന്നതുപോലെ നിങ്ങൾ അഭിമുഖീകരിച്ച സഹനങ്ങളുടെ ഗുണഫലങ്ങൾ ലഭിച്ചുതുടങ്ങിയോ? അതോ ഇപ്പോഴും കാത്തിരിക്കുകയാണോ?’-കുറിപ്പിൽ ചോദിക്കുന്നു.
അതേസമയം, ‘ഇങ്ങനെ കണ്ണീരൊഴുക്കാതെ അരിയാന’ എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയുടെ മറുപടി. പ്രസിഡന്റ് ട്രംപിന്റെ നടപടികൾ ജോ ബൈഡൻ വരുത്തിവെച്ച പണപ്പെരുപ്പ പ്രതിസന്ധി പരിഹരിച്ചു. ആ നടപടികൾ ട്രില്യൺ കണക്കിന് പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരുന്നുവെന്നും ദേശായ് മറുപടിയിൽ പറഞ്ഞു.



