വാഷിങ്ടൺ: യു.എസിന്റെ ഗസ്സ സമാധാന പദ്ധതി സംബന്ധിച്ച് പ്രതികരണം നടത്താൻ ഹമാസിന് നാല് ദിവസത്തെ സമയമാണ് പരമാവധി നൽകുകയെന്ന് ഡോണൾഡ് ട്രംപ്. ഹമാസിന്റെ ഉത്തരം നോയെന്നാണെങ്കിൽ അത് ദുഃഖകരമായ അന്ത്യത്തിലേക്ക് കാരണമാവുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗസ്സ സമാധാനപദ്ധതിയിൽ ചർച്ചകളുണ്ടാവുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
യുദ്ധം നിർത്താൻ യു.എസിന്‍റെ 20 ഇന പദ്ധതി ഇവയാണ്…ഹമാസിനെ നിരായുധീകരിക്കും, ബന്ദികളെ വിട്ടയക്കും, രാഷ്ട്രം യാഥാർഥ്യമാകുന്നതിന് മാർഗരേഖ
ഗസ്സ യുദ്ധം അവസാനിപ്പിക്കാനും പ്രദേശത്തിന്‍റെ പുനർനിർമാണത്തിനുമായി 20 ഇന പദ്ധതി യു.എസിന്‍റെ കാർമികത്വത്തിൽ തയാറാകുന്നതായി റിപ്പോർട്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക താൽപര്യത്തിൽ യു.എസിന്‍റെ പശ്ചിമേഷ്യയിലെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് പദ്ധതി തയാറാക്കിയത്. യു.എൻ ജനറൽ അസംബ്ലിക്കായി യു.എസിലെത്തിയ വിവിധ അറബ്, മുസ്ലിം രാജ്യങ്ങൾക്ക് ഈ പദ്ധതിയുടെ കരട് കൈമാറിയതായാണ് സൂചന. പ്രധാന അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വിറ്റ്കോഫിനെ തന്നെ അവരുമായി സംസാരിക്കാനും നിയോഗിച്ചിരിക്കുകയാണ്.



