ലണ്ടൻ: ഇന്ത്യാവിരുദ്ധ വാക്യങ്ങൾ എഴുതിയും പെയിന്റടിച്ചും ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വികൃതമാക്കിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു. ഇത് ലജ്ജാകരമായ പ്രവൃത്തിയും അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണവുമാണെന്ന് ഹൈക്കമ്മീഷൻ പ്രതികരിച്ചു. പ്രതിമ വികൃതമാക്കിയ അജ്ഞാതരായ അക്രമികൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണം. ഇത് കേവലം നശീകരണമല്ലെന്നും അഹിംസ എന്ന ആശയത്തിന് നേരെയുള്ള അക്രമാസക്തമായ ആക്രമണമാണെന്നും ഇത് തീർത്തും ലജ്ജാകരമാണ്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും എന്നാൽ ഇതിന് ഉത്തരവാദികളായ വ്യക്തികളെയോ ഗ്രൂപ്പുകളെയോ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
പ്രതിമ കറുത്ത പെയിന്റടിച്ച് വികൃതമാക്കിയതിനെ തുടർന്ന് ശുചീകരണം നടത്തി പൂർവ്വസ്ഥിതിയിലാക്കുവാൻ കൗൺസിൽ അധികൃതർ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ലണ്ടനിലെ കാംഡൻ കൗൺസിലിലെ ഉദ്യോഗസ്ഥനാണ് ശുചീകരണ തൊഴിലാളികളെ അയച്ചതായി അറിയിച്ചത്. സംഭവത്തിൽ കേസ് അന്വേഷണം ആരംഭിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ലണ്ടനിൽ നിയമ വിദ്യാർത്ഥിയായിരുന്ന മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി 1968ലാണ് പ്രതിമ സ്ഥാപിച്ചത്.



