ഹൈദരാബാദ്: വീട്ടുജോലിക്കാരിയെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയില്‍ തെലുഗു നടി ഡിംപിള്‍ ഹയാത്തി, ഭര്‍ത്താവ് ഡേവിഡ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ ജോലിക്കെത്തിയ ഒഡീഷ സ്വദേശിയായ 22 വയസ്സുകാരിയെ ഇരുവരും ഉപദ്രവിച്ചെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്തെന്നുമാണ് പരാതി. ഷെയ്ഖ്പേട്ടിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഒരു ഏജന്‍സി വഴിയാണ് ഒഡീഷ സ്വദേശിയായ യുവതി ഹൈദരാബാദില്‍ ജോലിക്കെത്തിയത്. സെപ്റ്റംബര്‍ 22-ന് യുവതി നടിയുടെ വീട്ടില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ജോലിസ്ഥലത്തുവച്ച് തനിക്ക് ക്രൂരമായ പീഡനം നേരിടേണ്ടിവന്നെന്നാണ് യുവതിയുടെ പരാതി. ഭക്ഷണം പോലും നിഷേധിച്ചെന്നും അപമാനിച്ചെന്നും നിരന്തരം അസഭ്യം പറഞ്ഞെന്നും പരാതിയില്‍ ആരോപിക്കുന്നു.
തന്റെ ജീവിതം അവരുടെ ചെരുപ്പിനു പോലും തുല്യമല്ലെന്നാണ് നടി പറഞ്ഞത്. തന്റെ നഗ്നദൃശ്യം പകര്‍ത്താന്‍ ശ്രമമുണ്ടായി. മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. നടിയുടെയും ഭര്‍ത്താവിന്റെയും അധിക്ഷേപം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഡേവിഡ് ഫോണ്‍ തട്ടിപ്പറിച്ചത്. തുടര്‍ന്ന് ഫോണ്‍ തറയിലെറിഞ്ഞ് പൊട്ടിച്ചെന്നും തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഡേവിഡ് ആക്രമിക്കാന്‍ ശ്രമിച്ചതോടെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് യുവതി പറയുന്നത്. ഇതിനിടെ വസ്ത്രങ്ങള്‍ കീറിപ്പോയെന്നും യുവതി പോലീസിന് മൊഴി നല്കി.
അതേസമയം, യുവതിയുടെ പരാതിയില്‍ നടിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഫിലിംനഗര്‍ പോലീസ് സ്ഥിരീകരിച്ചു. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ചോദ്യംചെയ്യലിന് ഹാജരാകാനായി പ്രതികള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും പോലീസ് പറഞ്ഞു.
തെലുഗ്, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ് ഡിംപിള്‍ ഹയാത്തി. 2017-ല്‍ ഗള്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ഡിംപിള്‍ തെലുഗു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.



