കൊച്ചി: ഫോര്‍ട്ട് കൊച്ചി തീരത്ത് വീണ്ടും കപ്പല്‍ അപകടം. എംഎസ്സി ചരക്കു കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
പുറംകടലില്‍ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് ചരക്കുകപ്പല്‍ ഇടിച്ചത്. കപ്പല്‍ വരുന്നത് കണ്ട് തങ്ങള്‍ ബഹളം വച്ചെങ്കിലും കപ്പല്‍ വഴി തിരിച്ചു വിടാതെ ഓഫ് ചെയ്തിടുകയായിരുന്നുവെന്നും ഈ സമയം ബോട്ട് കടലിലെ ഒഴുക്ക് പിടിച്ച് തെക്കോട്ട് നീങ്ങുകയും കപ്പലില്‍ ഇടിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. അപകട സമയത്ത് ബോട്ടില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ തൊഴിലാളികള്‍ കൊച്ചിന്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെ വല പുറത്തെടുക്കുമെന്നും എന്നാല്‍ മാത്രമേ എത്ര രൂപയുടെ വല നഷ്ടപ്പെട്ടെന്ന് കണക്ക് കൂട്ടാന്‍ കഴിയൂവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.



