മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിനു മുന്നിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. വടക്കൻ മാഞ്ചസ്റ്ററിലെ ക്രംപ്സലിലുള്ള ഹീറ്റൻ പാർക്ക് ഹീബ്രു സിനഗോഗിനു പുറത്താണ് ആക്രമണമുണ്ടായത്. ജൂതരുടെ വിശേഷ ദിനമായ യോം കിപ്പൂരില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം.
ആൾക്കൂട്ടത്തിനു നേരെ കാറോടിച്ചു കയറ്റിയ അക്രമി തുടർന്ന് ദേവാലയത്തിനു പുറത്തുണ്ടായിരുന്നവരെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. ആക്രമണം നടക്കുമ്പോൾ ഒട്ടേറെപ്പേർ സിനഗോഗിനുള്ളിൽ ഉണ്ടായിരുന്നു. ഇവരെ സിനഗോഗിനുള്ളിൽ തന്നെ സുരക്ഷിതരായി നിർത്തുകയും സമീപപ്രദേശങ്ങൾ ഉടനടി ഒഴിപ്പിക്കുകയും ചെയ്തെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പറഞ്ഞു.
ആക്രമണത്തെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമെർ അപലപിച്ചു. ജൂതരുടെ വിശുദ്ധ ദിനമായ യോം കിപ്പൂരിലാണ് ഇതുണ്ടായത് എന്നത് ആക്രമണത്തെ കൂടുതൽ പൈശാചികമാക്കുന്നുവെന്ന് സ്റ്റാമെർ പറഞ്ഞു.



