മസ്കത്ത്: കുപ്പിവെള്ളത്തിൽനിന്ന് വിഷബാധയേറ്റ് സ്വദേശി പൗരനുൾപ്പടെ ഒമാനിൽ രണ്ടുപേർ മരിച്ചു. കഴിഞ്ഞ ദിവസം സുവൈഖ് വിലായത്തിലാണ് ദാരുമായ സംഭവം. ആദ്യം പ്രവാസി സ്ത്രീയാണ് മരിച്ചത്.
പിന്നീട് ആശുപത്രിയിൽ പ്രവേശിച്ച ഒമാനി പൗരൻ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത ‘യുറാനസ് സ്റ്റാർ’എന്ന കുപ്പിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റത് എന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിൽ ഉൽപന്നത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ഈ ബ്രാൻഡ് കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ ആർ.ഒ.പി ഉത്തരവിട്ടു, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തി. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിച്ചു.
സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉടൻ തന്നെ യോഗ്യതയുള്ള അധികാരികളെ അറിയിക്കണമെന്നും അധികാരികൾ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.



