അലിഗഡ് : വിവാദനായികയായ ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെയെ കൊലക്കുറ്റത്തിന് പൊലീസ് തിരയുന്നു. അലിഗഡിൽ ബിസിനസുകാരനായ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് ഹിന്ദു മഹാസഭ നേതാവായ പൂജാ ശകുൻ പാണ്ഡെയെ പൊലീസ് തിരയുന്നത്. കേസിൽ പൂജയുടെ ഭർത്താവ് അശോക് പാണ്ഡെയെയും വാടക കൊലയാളിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അലിഗഡിൽ സെപ്റ്റംബർ 23 ന് നടന്ന കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പൊലീസ് പറയുമ്പോൾ, പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അലിഗഡിൽ ഇരുചക്ര വാഹനങ്ങളുടെ വ്യാപാരം നടത്തിയിരുന്ന അഭിഷേക് ഗുപ്ത സെപ്റ്റംബർ 23 ന് രാത്രി 9.30 ഓടെയാണ് കൊല്ലപ്പെടുന്നത്. ബസ് കാത്തുനിന്ന അഭിഷേകിനെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ പണമിടപാടിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് അഭിഷേകിനെ പൂജ ശകുൻ പാണ്ഡെയും ഭർത്താവ് അശോക് പാണ്ഡെയും കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ സംശയമുണ്ടെന്ന് കാട്ടി അഭിഷേകിന്റെ പിതാവും പൊലീസിനെ സമീപിച്ചിരുന്നു. വാടക കൊലയാളിയെ ഏർപ്പെടുത്തിയാണ് പൂജയും ഭർത്താവും കൃത്യം നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാടക കൊലയാളിയായ മുഹമ്മദ് ഫസലിനെ പിടികൂടി. ഇതാണ് കൊലപാതകത്തിൽ പ്രതികളുടെ കൂടുതൽ പങ്ക് പുറത്തെത്തിച്ചത്. പൂജ ശകുൻ പാണ്ഡെയും ഭർത്താവുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തനിക്ക് മൂന്ന് ലക്ഷം വാഗ്ദാനം ചെയ്തുവെന്നും മുഹമ്മദ് പൊലീസിന് മൊഴിനൽകി.
2019ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദത്തില്‍ പെട്ട ആളാണ് പൂജ.



