ദുബായ് : ഖത്തറിനെതിരായ ഏത് ആക്രമണവും യുഎസിനെതിരെ എന്നു കണക്കാക്കി നയതന്ത്ര, സാമ്പത്തിക, വേണ്ടിവന്നാൽ സൈനിക നടപടിയിലൂടെ പ്രതിരോധിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
ഈയിടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിലേക്ക് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു. യുഎസ് സമ്മർദത്തെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമാദ് അൽത്താനിയെ ഫോണിൽ വിളിച്ച് ആക്രമണത്തിൽ ക്ഷമാപണം നടത്തിയിരുന്നു.
ഇസ്രയേലിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്നതും യുഎസുമായുള്ള ബന്ധത്തിൽ നിർണായകവുമാണ് യുഎസ് ഉത്തരവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇസ്രയേൽ ആക്രമണത്തിനു തൊട്ടുപിന്നാലെ സൗദി അറേബ്യ പാക്കിസ്ഥാനുമായി പ്രതിരോധ കരാർ ഒപ്പിട്ട് ആണവസുരക്ഷ ഉറപ്പാക്കിയിരുന്നു.



