ഫാ. ജിനു തെക്കേത്തലക്കൽ,
വത്തിക്കാൻ സിറ്റി: കുടിയേറ്റത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ ഡയറക്ടർ ജനറൽ ആമി പോപ്പിനു, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം രണ്ടാം തീയതി, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് സ്വകാര്യ സദസ് അനുവദിച്ചു. തുടർന്ന്, വത്തിക്കാൻ ന്യൂസിന് അഭിമുഖവും അനുവദിച്ചു. കുടിയേറ്റ മേഖലയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ. അഭിമുഖത്തിൽ, പാപ്പയുമായി നടത്തിയ ചർച്ചകളുടെ പ്രസക്തവിവരങ്ങൾ ആമി പോപ്പ് പങ്കുവച്ചു.
സംഘർഷം, കാലാവസ്ഥാ ദുരന്തത്തിന്റെ ആഘാതം, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം എന്നിവയുടെ ഫലമായി മാനുഷിക സഹായങ്ങൾ നല്കേണ്ടതിന്റെ ആവശ്യകത കൂടിവരികയാണെന്നും, എന്നാൽ നിർഭാഗ്യവശാൽ, പല സർക്കാരുകളും ധനസഹായം വെട്ടിക്കുറച്ചത്, വലിയ വെല്ലുവിളി ഉയർത്തുന്നുവെന്നും ആമി പങ്കുവച്ചു. ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജനങ്ങളെ സേവിക്കുന്ന, അവബോധവും പിന്തുണയും വളർത്തിയെടുക്കുന്നതിനായി ഒരുമിച്ച് വാദിക്കുന്ന, കുടിയേറ്റത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടന പോലുള്ള സംഘടനകളുമായി സഭ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പായുമായി സംസാരിച്ചതായും ആമി പറഞ്ഞു.
കുടിയേറ്റക്കാർ പ്രത്യാശയുടെ ഉറവിടമാണെന്നും കുടിയേറ്റക്കാർ ക്രിസ്തീയ യാത്രയുടെ മൂർത്തീഭാവമാണെന്നും സഭയുടെ സന്ദേശത്തിൽ എപ്പോഴും മുഴങ്ങികേൾക്കുന്ന ഒന്നാണെന്നും, ആത്മീയമായോ ശാരീരികമായോ നാമെല്ലാവരും നടത്തുന്ന ഒരു തീർത്ഥാടനമാണിതെന്നും ആമി പങ്കുവച്ചു. ആഗോള തലത്തിൽ വളരെ അമൂർത്തമായി തോന്നാവുന്നതോ ആഗോള സാഹചര്യത്തിൽ ഭീഷണിയായി തോന്നുന്നതോ ആയ ഒരു പ്രശ്നം സഭ, മറ്റു സംഘടനകളുമായി സഹകരിച്ച് മുൻപോട്ടു കൊണ്ടുപോകുന്നത് മാതൃകാപരമാണെന്നു ആമി പറഞ്ഞു.



