വാഷിങ്ടൺ: സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്ലിൻമേൽ റിപ്പബ്ളിക്കൻമാരും ഡെമോക്രാറ്റുകളും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ യു.എസ് അക്ഷരാർഥത്തിൽ ഷട്ട്ഡൗണിലേക്ക്. ബഹിരാകാശ ഏജൻസി നാസയുടെ പ്രവർത്തനങ്ങൾ നിലച്ചു. സർക്കാർ ഫണ്ടിംഗ് നിലച്ചതോടെ പ്രവർത്തനങ്ങൾനിർത്തിവച്ചിരിക്കുകയാണെന്ന് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്.
നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലായി ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരെയുള്ള നാസയുടെ മിക്ക പദ്ധതികളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഏജൻസിയിൽ നിന്നുള്ള ദൈനംദിന അറിയിപ്പുകളും വാർത്തക്കുറിപ്പുകളും നിലച്ചിട്ടുണ്ട്. സമൂഹമാധ്യമ ചാനലുകളും പ്രവർത്തനരഹിതമായി. എങ്കിലും, നിർണായക പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
യു.എസില്‍ പുതിയ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി, സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്‍ കോണ്‍ഗ്രസ് പാസാക്കി പ്രസിഡന്റ് ഒപ്പുവെക്കേണ്ടതുണ്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിൽ തർക്കം രൂക്ഷമായതോടെ ഇത്തവണ ബില്‍ പാസായില്ല.
മുന്‍പ് നിലവിലുണ്ടായിരുന്നതും പിന്നീട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതുമായ ചില ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികളും ആനുകൂല്യങ്ങളും ബില്ലില്‍ പുനഃസ്ഥാപിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും നിരാകരിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.



