ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രമേയം യു.എൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ. ഇരു കക്ഷികളും ഉടനടി വെടിനിർത്തൽ കരാറിലെത്തണമെന്നും എല്ലാ ബന്ദികളെയും ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യു.എൻ രക്ഷാസമിതിയിൽ പ്രമേയം. കഴിഞ്ഞദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള പ്രമേയത്തിന്മേൽ വീറ്റോ പ്രയോഗിച്ചതിനെത്തുടർന്ന് നടന്ന പ്ലീനറി സെഷനിൽ, ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനിയാണ് പ്രസ്താവന നടത്തിയത്.
ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സമർപ്പിച്ച കരട് പ്രമേയം സുരക്ഷ കൗൺസിൽ വീറ്റോ പ്രയോഗിച്ചതിനെ തുടർന്നാണ് സെഷൻ ചേർന്നതെന്ന് അവർ പറഞ്ഞു. ജനറൽ അസംബ്ലിയുടെ 80ാമത് സെഷനിടയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ എട്ട് അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ, ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും യു.എന്നുമായും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും സഹായം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
മേഖലയിലെ സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായും ഖത്തർ തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.ഈജിപ്തുമായും യു.എസുമായും ചേർന്നുള്ള മധ്യസ്ഥ ശ്രമങ്ങളിലൂടെ നിരവധി ഇസ്രായേലി ബന്ദികളെയും ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ സാധിച്ചതിലും, ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനും വഴിയൊരുക്കിയതിൽ ഖത്തർ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഗസ്സയുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളിൽ സജീവമായി ഇടപെടാൻ ഖത്തർ തയാറാണെന്ന് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനി വിശദീകരിച്ചു.



